സിനിമാ മേഖലയിലെ അകത്തളങ്ങൡലെ അശ്ലീലതകള്‍ പൊതുജന മധ്യത്തില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായത് നടി റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലോടെയാണ്. തിരുവനന്തതപുരത്ത് ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് റിമ സിനിമക്ക് പിന്നിലെ കളികള്‍ പരസ്യമാക്കിയത്. കുട്ടിക്കാലം മുതല്‍ ചോദ്യം ചെയ്യാന്‍ അവര്‍ക്കുണ്ടായിരുന്ന ധൈര്യം പറഞ്ഞു തുടങ്ങിയ റിമ ഒടുവില്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ സ്ത്രീ കഥാപാത്രങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. നടിമാരെ കാണുന്നത് വെറും ഉപകരണങ്ങള്‍ മാത്രമാണെന്നായിരുന്നു റിമയുടെ പരിഹാസം. പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്‌ക്രീനില്‍ വരുന്ന സെക്‌സ് സൈറണ്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റു കൂട്ടുന്നു മറ്റൊരു ഭാര്യ. ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയിലെ നാല് സ്ത്രീ കഥാപാത്രങ്ങള്‍ ഇങ്ങനെയാണെന്ന് പുലിമുരുകനിലെ കാര്യങ്ങള്‍ സൂചിപ്പിച്ച് റിമ പറയുന്നു.
Category
🗞
News