• 6 years ago
സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്

പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു.
സീറ്റുകള്‍ പങ്കിടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിനും രണ്ടും സീറ്റുകളാണുള്ളത്.വെള്ളിയാഴ്ച ചേരുന്ന സിപിഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുക. ഒന്നിച്ച് നില്‍ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്‌. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്‌.
ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, ആദ്യം അവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും.ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം. സംഘടന ദുര്‍ബലമെന്നുപറയുന്ന ബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം ഒറ്റയ്ക്കു മത്സരിക്കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ബലപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ജാഗ്രതയോടെ മാത്രമേ സി.പി.എം. തീരുമാനമെടുക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ പരസ്യമായ സഖ്യമുണ്ടാകുമോ അതോ ഏതാനും സീറ്റുകളില്‍ ധാരണ എന്ന നിലയിലാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസില്‍ ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റേതടക്കമുള്ള നേതാക്കള്‍ തൃണമൂലില്‍ ചേരുന്നതും ആശങ്ക കൂട്ടി.
അടുത്തിടെ കോണ്‍ഗ്രസിന്റെ വനിതാ എം.പി. തൃണമൂലില്‍ ചേര്‍ന്നിരുന്നു. അതേസമയം, ഇടതുപക്ഷത്തിനൊപ്പം ചേരുന്നത് കോണ്‍ഗ്രസിന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്നും എ.ഐ.സി.സി. നേതൃത്വം കരുതുന്നു. ഇടതിനൊപ്പം കൈകോര്‍ക്കാനാണ് രാഹുലിനും താത്പര്യമെന്നറിയുന്നു. കോണ്‍ഗ്രസിലും സഖ്യത്തിന്റെ കാര്യത്തില്‍ രണ്ട് പക്ഷമുണ്ട്. രാഹുല്‍ ഗാന്ധി കഴിഞ്ഞയിടെ ബംഗാളിലെ നേതാക്കളുമായി സഖ്യകാര്യം ചര്‍ച്ചചെയ്തിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സി.പി.എമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സഖ്യം തെറ്റായെന്ന് പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തുകയുംചെയ്തു. എന്നാല്‍, ബി.ജെ.പി.യെ തോല്പിക്കാന്‍ സാധ്യമായിടത്ത് കോണ്‍ഗ്രസുമായി ധാരണയാവാമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് സി.പി.എമ്മില്‍ വീണ്ടും സഖ്യചര്‍ച്ചകള്‍ തുടങ്ങിയത്

Category

😹
Fun

Recommended